അര്‍ത്തുങ്കല്‍ പള്ളി
അര്‍ത്തുങ്കല്‍ പള്ളിയില്‍ എല്ലാവര്‍ഷവും ജനുവരി 10-ന് ആരംഭിക്കുന്ന തിരുനാള്‍ സമാപിക്കുന്നത് 27-നാണ്. ജനുവരി 20-ന് പ്രധാന തിരുനാള്‍.
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പോര്‍ച്ചുഗീസ് ആഗമന ത്തോടെ തുടങ്ങുന്നു മതമൈത്രിക്ക് പേരുകേട്ട അര്‍ത്തുങ്കല്‍ പള്ളിയുടെ ചരിത്രം. മൂത്തേടത്ത് രാജാവ് നല്‍കിയ തെങ്ങോലയും തടികളും ഉപയോഗിച്ച് 1581-82 കാലഘട്ടത്തില്‍ വടക്കോട്ടു ദര്‍ശനമായി നടത്തിയ ആദ്യ നിര്‍മാണം പിന്നീട് പൊളിച്ച് ഇന്നു കാണുന്ന രൂപത്തില്‍ കരിങ്കല്ലുപയോഗിച്ച് നിര്‍മിക്കുകയായിരുന്നു. ജില്ലയില്‍ കരിങ്കല്ലില്‍ തീര്‍ത്ത അപൂര്‍വം പള്ളികളില്‍ ഒന്നാണ് ശില്‍പ്പഭംഗി നിറഞ്ഞ , അറബിക്കടലിന് അഭിമുഖമായി നില്‍ക്കുന്ന ഈ പള്ളി.
മതസഹിഷ്ണുതയുടെ വിശ്വാസഗോപുരമായാണ് ഇവിടം അറിയപ്പെടുന്നത്. ദൈവദാസന്‍ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ വൈദികപ്പട്ടം സ്വീകരിച്ചതും പ്രഥമദിവ്യബലി അര്‍പ്പിച്ചതും ഈ ദേവാലത്തിലാണ്. സുപ്രസിദ്ധമായ അര്‍ത്തുങ്കല്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളില്‍ പങ്കെടുക്കാന്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ രാജ്യമെമ്പാടും നിന്നെത്തുന്നു.
പള്ളിയുടെ ചരിത്രം
മദ്ധ്യയുഗങ്ങളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കേരളരാജ്യമായിരുന്നു മൂത്തേടം. അര്‍ത്തുങ്കല്‍, മൂത്തേടത്തു രാജ്യത്തിന്റെ
തലസ്ഥാനവും പ്രമുഖമായ ഒരു വ്യവസായകേന്ദ്രവുമായിരുന്നു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും, തുറമുഖമായിരുന്ന കുഞ്ഞിത്തൈ ഭാഗത്തു താമസിച്ചിരുന്ന മുസ്ലീംകളും, മുത്തേടത്തു രാജ്യത്തിലെ ഹൈന്ദവരും ഏകോദരസഹോദരങ്ങളെപ്പോലെയാണു കഴിഞ്ഞു വന്നിരുന്നത്.
പോര്‍ച്ചുഗീസ് മിഷനറിമാരെത്തുന്നതിനു മുമ്പ് മൂത്തേടത്തുകാര്ക്ക് ദേവാലയമുണ്ടായിരുന്നില്ല. 16-ാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോര്‍ച്ചുഗീസുകാരായ ഈശോ സഭാമിഷനറിമാര്‍ മൂത്തേടത്തെത്തിയപ്പോള്‍ ക്രിസ്ത്യാനികള്‍ ഏറെ സന്തോഷിച്ചു. മിഷനറിമാര്‍ അങ്കമാലി മെത്രാനായിരുന്ന മാര്‍ അബ്രഹാമിനെ ചെന്നുകാണുകയും അതനുസരിച്ച് അദ്ദേഹം തന്റെ പരിധിയില്‍പ്പെട്ട മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ദേവാലയം നിര്‍മ്മിക്കാന്‍ ഈശോസഭാംഗങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
മിഷനറിമാര്‍ അര്‍ത്തുങ്കല്‍ കേന്ദ്രമാക്കി ക്രിസ്തുമത പ്രചാരണവും, വേദോപദേശവും, കൂദാശകള്‍ നല്‍കലും ആരംഭിച്ചു. പിന്നീട് ഹൈന്ദവരും, ക്രൈസ്തവരും, മിഷനറിമാരും ചേര്‍ന്ന് മൂത്തേടത്തു രാജാവിനെ ചെന്നുകണ്ട് തങ്ങള്‍ക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാന്‍ പള്ളി നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.
രാജാവ് ആദ്യം വിസമ്മതം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് തടിയും ഓലയുംകൊണ്ട് അര്‍ത്തുങ്കലില്‍ ദേവാലയം പണിയാന്‍ അനുവദിക്കുകയും ഒരു മരം കൊടുത്തു സഹായിക്കുകയും ചെയ്തു. 1581-ല്‍ മൂത്തേടത്തു രാജാവു നല്‍കിയ തടിയും ഓലയുമുപയോഗിച്ച് വിശുദ്ധ അന്ത്രയോസിന്റെ നാമത്തില്‍ പള്ളി പണികഴിപ്പിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനമായ നവംബര്‍ 30-ന് ദേവാലയപ്രതിഷ്ഠ നടത്തുകയും ചെയ്തു.
1584-ല്‍ മൂത്തേടത്തു രാജാവും ഏഴുനായര്‍ മാടമ്പിമാരും ഈ ദേവാലയത്തില്‍ ക്രിസ്തുമതം സ്വീകരിച്ചുവത്രെ. 1597-ല്‍ പള്ളി കല്ലുകൊണ്ടു പുതുക്കിപ്പണിതു. 1616 ഫെബ്രൂവരി 6ന് പോള്‍ അഞ്ചാമന്‍ മാര്‍പ്പാപ്പ നല്‍കിയ അറിയിപ്പ് വഴിയായാണ് അര്‍ത്തുങ്കല്‍ പ്രദേശം അങ്കമാലി രൂപതയില്‍നിന്നു മാറ്റി കൊച്ചി രൂപതയോടു ചേര്‍ത്തത്.
തീര്‍ത്ഥാടകരുടെ ബാഹുല്യം, ദേവാലയം വീണ്ടും വിപുലീകരിക്കണമെന്ന് ചിന്തയ്ക്ക് രൂപംകൊടുത്തു. 1915 ഫെബ്രുവരി 15ന് പുതിയപള്ളിയ്ക്കു ശിലാസ്ഥാപനം നടത്തുകയുണ്ടായി. പണി ഇടയ്ക്കുവച്ചു നിര്‍ത്തേണ്ടിവന്നെങ്കിലും പ്ലാനില്‍ ചില പരിഷ്‌കാരങ്ങളോടെ 1950-ല്‍ ദേവാലയനിര്‍മ്മാണം പുനരാരംഭിച്ചു. ശില്പഭംഗിയുള്ള കരിങ്കല്‍ ഗോപുരങ്ങളും നിര്‍മ്മാണവൈഭവവും അര്‍ത്തുങ്കല്‍ പള്ളിയെ അതിമനോഹരമാക്കുന്നു.
തിരുസ്വരൂപം
പോര്‍ച്ചുഗീസ് മിഷനറിമാരുടെ കാലത്ത് പാരീസില്‍ നിര്‍മ്മിച്ച വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുരൂപവുമായി ലിയോര്‍നാര്‍ഡ് ഗോണ്‍സാല്‍വസ് എന്ന നാവികന്‍ കപ്പലില്‍ മൈലാപ്പൂരിലേയ്ക്കു സഞ്ചരിക്കുകയായിരുന്നു. അര്‍ത്തുങ്കലിനു സമീപമെത്തിയപ്പോള്‍ ഉഗ്രമായ കടല്ക്ഷോഭംഅനുഭവപ്പെട്ടു. വിവശനായ കപ്പിത്താന്‍ സുരക്ഷിതമായി തീരമണയാന്‍ കഴിഞ്ഞാല്‍ കരയിലുള്ള പള്ളിയില്‍ത്തന്നെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊള്ളാമെന്ന് പ്രാര്‍ത്ഥിച്ചുവത്രെ. ഇതോടെ കപ്പല്‍ കരയ്ക്കടുത്തത് അര്‍ത്തുങ്കല്‍ വിശുദ്ധ അന്ത്രയോസ് പള്ളിയുടെ നടയിലായിരുന്നുവെന്നും അങ്ങനെയാണ് 1947ല്‍ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുസ്വരൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നും കരുതപ്പെടുന്നു.
വിശുദ്ധ സെബാസ്ത്യനോസാണ് അര്‍ത്തുങ്കല്‍ വെളുത്തച്ചനായി അറിയപ്പെടുന്നത്. വര്‍ഷത്തില്‍ പത്തുദിവസം മാത്രമാണ് പള്ളിയുടെ നിക്ഷേപത്തില്‍ നാലുപൂട്ടിനുള്ളില്‍ ഭദ്രമായി തിരുസ്വരൂപം സൂക്ഷിച്ചിരിക്കുന്ന അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുസ്വരൂപം പൊതുവണക്കത്തിനായി വയ്ക്കുന്നത്.
നാനാജാതിമതസ്ഥര്‍ സ്വന്തമെന്നോണം കരുതുന്ന അര്‍ത്തുങ്കല്‍ പള്ളിയില്‍ ജനുവരി 18ന് പതിനായിരക്കണക്കിന് അയ്യപ്പന്‍മാര്‍ തിരുസ്വരൂപം കണ്ടുവന്ദിക്കുകയും പള്ളിക്കുളത്തില്‍ കുളിച്ചുതൊഴുകയും ചെയ്യുന്നു. വെളുത്തച്ചനും അയ്യപ്പനുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങള്‍ നിലവില്‍ ഉണ്ട്. നാനാജാതിമതസ്ഥരും അത്യാഹ്ലാദത്തോടെ ആവേശപൂര്‍വ്വമാണ് പെരുനാള്‍ ആഘോഷിക്കുന്നത്.
അര്‍ത്തുങ്കല്‍പള്ളി തിരുനാള്‍
കേരളത്തിലെ പ്രമുഖമായ തിരുനാളാഘോഷങ്ങളില്‍ ഒന്നാണ് അര്‍ത്തുങ്കല്‍ പള്ളി വെളുത്തച്ചന്റെ തിരുനാള്‍. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ജനങ്ങള്‍ മതഭേതം മറന്ന് ഒത്തൊരുമയോടെയാണ് ആഘോഷിക്കുന്നത്. എല്ലാ ജനുവരി 10-നും ആരംഭിക്കുന്ന തിരുനാള്‍ സമാപിക്കുന്നത് 27-നാണ്. ജനുവരി 20-ന് പ്രധാന തിരുനാള്‍.
ഉരുള്‍നേര്‍ച്ച, അമ്പും വില്ലും നേര്‍ച്ച, മുട്ടേല്‍നിരങ്ങല്‍, ആനപ്പുറത്തു നേര്‍ച്ച, അടിമയിരിപ്പ് തുടങ്ങിയ നേര്‍ച്ചകളില്‍ പങ്കെടുക്കുന്നു. വിവിധതരം മത്സ്യങ്ങള്‍, ശരീരാവയവങ്ങള്‍, അസ്ത്രങ്ങള്‍ എന്നിവ സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത് ഭക്തജനങ്ങള്‍ പള്ളിയിലെത്തിക്കുന്നു. പ്രധാന വഴിപാട് അമ്പും വില്ലും നേര്‍ച്ചയാണ്. കാല്‍ലക്ഷത്തിലധികം നേര്‍ച്ചകള്‍ ഓരോ വര്‍ഷവും അര്‍പ്പിക്കപ്പെടുന്നു.
|