എടത്വ സെന്റ് ജോര്‍ജ് പള്ളി
തിരുനാള്‍ എല്ലാവര്‍ഷവും ഏപ്രില്‍ 27നു കൊടിയേറുന്ന ഏടത്വയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ മേയ് 14ന് ആണ് അവസാനിക്കുന്നത്. പ്രധാന തിരുനാള്‍ദിവസം മാത്രമാണ് ഇടപ്പള്ളിയില്‍നിന്നു കൊണ്ടുവന്ന വിശുദ്ധന്റെ തിരുസ്വരൂപം പള്ളിക്കു പുറത്തിറക്കുന്നത്. ഏപ്രില്‍ 27 മുതല്‍ മേയ് ഏഴുവരെയാണ് ദക്ഷിണദേശക്കാരുടെ തീര്‍ഥാടനകാലം. മേയ് എട്ടു മുതല്‍ 14 വരെ നാട്ടുകാരുടെയും മധ്യ തിരുവിതാംകൂറുകാരുടെയും. ഇത് എട്ടാമിടം വരെ തുടരും.
എടത്വ സെന്റ് ജോര്‍ജ് പള്ളി ചരിത്ര പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രമാണ് കലാസൗകുമാര്യം കൊണ്ടും ശ്രദ്ധേയമായമാണ് പമ്പയാറിന്റെ തീരത്തുള്ള എടത്വ സെന്റ് ജോര്‍ജ് ദേവാലയം. നെല്‍ക്കൃഷിക്കു പേരുകേട്ട കുട്ടനാടിന്റെ സിരാകേന്ദ്രമായും ആത്മീയ തീര്‍ഥാടനകേന്ദ്രമായും അറിയപ്പെടുന്ന സ്ഥലത്തിന്റെ പ്രശസ്തിക്കു കാരണം വിശുദ്ധ ഗീവര്‍ഗീസും സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുമാണ്. പള്ളിയിലെ താളിയോലക്കെട്ടുകളും തലമുറകള്‍ വായ്‌മൊഴിയായി കൈമാറിയ ചരിത്രവും വിശ്വാസ പാരമ്പര്യവും മാത്രമാണ് പള്ളിയെക്കുറിച്ചുള്ള ചരിത്രത്തിന് ആധികാരികമായുള്ളത്. കേരളത്തിനുപുറത്തും വിദേശരാജ്യങ്ങളില്‍ പോലും അറിയപ്പെടുന്നതാണ് കോയില്‍മുക്ക് പള്ളി അഥവാ എടത്വാ പള്ളി. പണ്ട് കാലത്ത് ചുറ്റുപാടും വെള്ളക്കെട്ടുകളാല്‍ നിറഞ്ഞ കുട്ടനാട്ടിലെ ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്നത് നിരണം വലിയപള്ളിയില്‍ ആയിരുന്നു. കുട്ടനാടിന്റെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ചങ്ങങ്കരി, തെക്കേമുറി, എടത്വ, തലവടി എന്നിവിടങ്ങളില്‍നിന്നുള്ള വള്ളങ്ങള്‍ തലവടിയില്‍ സന്ധിച്ച് ദിവസം മുഴുവന്‍ യാത്രചെയ്ത് നിരണത്തെത്തിയാണ് ആരാധനയില്‍ പങ്കെടുത്തിരുന്നത്. കുട്ടനാട്ടലെ ചമ്പക്കുളത്ത് കല്ലൂര്‍ക്കാട് പള്ളി വന്നതോടെ എടത്വ പ്രദേശത്തെ ആളുകളുടെ വള്ളങ്ങള്‍ ചമ്പക്കുളത്തേക്കായി യാത്ര. ആലപ്പുഴയിലും പ്രക്കാട്ടും പുളിങ്കുന്നിലും ദേവാലയങ്ങള്‍ വന്നു. ഇതോടെ കുട്ടനാട്ടിലെ ജനസംഖ്യ വലിയതോതില്‍ വര്‍ധിച്ചു. എടത്വയിലെ കത്തോലിക്കര്‍ സ്വന്തമായി ദേവാലയമെന്ന ആശയം മുന്നോട്ടു വച്ചു. എടത്വ ഇടവകയിലെ ആദ്യത്തെ വൈദികനായി അറിയപ്പെട്ട ചങ്ങങ്കരി വല്യവീട്ടില്‍ ഗീവര്‍ഗീസ് കത്തനാര് ഇക്കാര്യത്തില്‍ ജനങ്ങളെ ഉത്സാഹിപ്പിക്കുകയും പാണ്ടങ്കരി ഈരാംവേലില്‍ കുര്യന്‍ തരകന്‍, എടത്വ തെക്കേടത്ത് പോത്തന് മാപ്പിള, വെട്ടുതോട്ടുങ്കല്‍ തൊമ്മി മാപ്പിള, ചെക്കിടിക്കാട് മെതിക്കളത്തില്‍ മാത്തന് മാപ്പിള എന്നിവരുടെ സഹകരണത്തോടെ ദേവാലയ സ്ഥാപനത്തിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും കല്ലൂര്‍ക്കാട് ഉള്‍പ്പെടെയുള്ള പല ഇടവകകളും കൊടുങ്ങല്ലൂര്‍ അതിരൂപതയില്‍നിന്ന് വരാപ്പുഴ വികാരിയാത്തിന്റെ കീഴിലേക്ക് മാറിയിരുന്നു. സ്വന്തമായി ഒരു ദേവാലയം സ്ഥാപിച്ചു കിട്ടുന്നതിനു സ്ഥലത്തെ ക്രൈസ്തവര്‍ വരാപ്പുഴ അതിരൂപതാധികൃതരെ സമീപിച്ചു. അതിരൂപതാ ഭരണാധികാരി ഫാ. റെയ്മണ്ട് ഇവിടെ ദേവാലയം പണിയുന്നതിനു കാനോനിക അനുമതി നല്‍കി. എടത്വയിലെ ചങ്ങങ്കരി വെള്ളാപ്പള്ളി എന്ന പ്രമുഖ നായര്‍ തറവാട്ടിലെ കൊച്ചെറുക്കപ്പണിക്കര്‍ സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്താണ് 1810 സെപ്റ്റംബര്‍ 29നു പള്ളിക്കു ശിലാസ്ഥാപനം നടത്തിയത്. തമിഴ്‌നാട്ടിലെ കന്യാകുമാരി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇന്നും ധാരാളം വിശ്വാസികള്‍ ഇവിടെ എത്തുന്നുണ്ട്. യാത്രാസൗകര്യം തീരെ ഇല്ലാതിരുന്ന കാലത്തും ഭക്തരെ ഇവിടെക്കാകര്‍ഷിച്ച ഘടകം ഭക്തന്റെ പെരുമതന്നെയായിരിക്കണം. ആലപ്പുഴ തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രവും കൊച്ചിയേക്കാള്‍ പ്രധാനപ്പെട്ട തുറമുഖവുമായിരുന്നു. വിസ്മയത്തിന്റെ വാസ്തുരൂപം 1839 നവംബറില്‍ സഹായമെത്രാനായിരുന്ന ലുദുവിക്കോസ് മാര്‍ട്ടിനിയാണ് പുതിയ ദേവാലയത്തിനു ശിലാസ്ഥാപനം നടത്തിയത്.
എടത്വ ഇടവകാംഗവും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിപുണനുമായ ഉലക്കപ്പാടില്‍ തോമസ് അച്ചനാണ് പള്ളിപ്പണിക്ക് തുടക്കം കുറിച്ചത്. പള്ളിപണിക്ക് കരക്കാരുടെ ശ്രമദാനമുണ്ടായിരുന്നു. വെള്ളക്കെട്ട് നിറഞ്ഞ കുട്ടനാടന്‍ പ്രദേശത്ത് അസ്തിവാരം ഉറപ്പിക്കുക ശ്രമകരമായ ജോലിയായിരുന്നു.
ആധുനിക വാസ്തുശില്‍പ ശാസ്ത്രത്തിനുപോലും അത്ഭുത പ്രതിഭാസമെന്നോണം യാതൊരു കോട്ടവുമില്ലാതെ ഈ ദേവാലയം ഇന്നും നിലനില്‍ക്കുന്നു. ഉറപ്പില്ലാത്ത അടിത്തറയില്‍ തേക്കിന്‍ തടികള്‍ നെടുകയും കുറുകയും നിരത്തി അതിന്‍മേലാണ് പള്ളി പണിത് ഉയര്‍ത്തിയിരിക്കുന്നത്. കുളമാവിന്‍ തൊലി വെന്ത വെള്ളത്തില്‍ വരാല്‍പശയും കുമ്മായവും ചരലും ചാലിച്ചെടുത്ത കൂട്ട് ഉപയോഗിച്ചാണു ഭിത്തി നിര്‍മാണം. വരാല്‍പ്പശയ്ക്കായി കരക്കാര്‍ വീതപ്പടി വരാല്‍ മീന്‍ പിടിച്ചു നല്‍കിയിരുന്നു. അന്നത്തെ ചായക്കൂട്ടുകള്‍ ഇന്നും നിറംമങ്ങാതെ നില്‍ക്കുന്നു. 1888ല്‍ പൊന്നിന്‍കുരിശു പണിതു. ഈ കുരിശ് തിരുനാള്‍ ദിവസത്തെ പ്രദക്ഷിണത്തിനു മാത്രമെ ഉപയോഗിക്കാറുള്ളൂ. വിശുദ്ധന്റെ രൂപം വന്ന വഴി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ 1810-ല്‍ എടത്വയില്‍ പള്ളി സ്ഥാപിച്ചെങ്കിലും പള്ളിയില്‍ വയ്ക്കാന്‍ വിശുദ്ധന്റെ ഒരുരൂപം വിശ്വാസികള്‍ക്കു ലഭിച്ചില്ല. പുരാതനമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധന്റെ ഒന്നിലധികംരൂപങ്ങള്‍ ഉണ്ടെന്നറിഞ്ഞ് ഇടവകയിലെ പുരോഹിതനായിരുന്ന വര്‍ഗീസ് കത്തനാരുടെ നേതൃത്വത്തില്‍ വരാപ്പുഴ രൂപതാധ്യക്ഷന്റെ അനുമതിയോടെ ഒരുസംഘം രണ്ടു കളിവള്ളങ്ങളില്‍ ഇടപ്പള്ളിക്കു തിരിച്ചു. ഇടപ്പള്ളിയിലെത്തി തുഴച്ചില്‍ക്കാരെ ഭക്ഷണം തയാറാക്കുന്നതിനു കടവില്‍ നിര്‍ത്തിയിട്ട് മറ്റുള്ളവര്‍ പള്ളിയിലെത്തി വികാരിയച്ചനെ കണ്ടു. പള്ളിയുടെ തട്ടിന്‍പുറത്ത് ഉപയോഗമില്ലാതെ കിടക്കുന്ന രണ്ടുമൂന്നു രൂപങ്ങളില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്ളാന്‍ അച്ചന്‍ അനുമതി നല്‍കി. ഇടതുകൈ അല്‍പ്പം ഒടിഞ്ഞ് മാറാലപിടിച്ചുകിടന്ന ഒരെണ്ണം കൂടുതല്‍ ആകര്‍ഷകമായി തോന്നിയതിനാല്‍ അതുമായി പുറത്തിറങ്ങിയ വിശ്വാസികള്‍ അതു തുടച്ചുവൃത്തിയാക്കി പള്ളിക്കിണറ്റിലെ വെള്ളത്തില്‍ കഴുകി ശുദ്ധിവരുത്തി.
ഈസമയം ഇടപ്പള്ളിയില്‍ അസാധാരണ സംഭവങ്ങളുടെ നീണ്ടപരമ്പര തുടങ്ങുകയായിരുന്നു. ദേവാലയമണികള്‍ സ്വയം മുഴങ്ങി. പള്ളിയുടെ ഒരുഭാഗത്ത് അഗ്നിബാധിക്കുകയും ചെയ്തു. വിശുദ്ധന്റെ രൂപം കൈവിട്ടുപോകുന്നതിലുള്ള പ്രതിഷേധസൂചനയായിരുന്നു ആ സംഭവമെന്നു ഭയപ്പെട്ട് എടത്വക്കാര്‍ പെട്ടെന്നു രൂപവുമായി വള്ളക്കടവിലേക്ക് ഓടി. അവിടെ ഭക്ഷണം തയാറാക്കുന്നതിനു വാര്‍പ്പില്‍ വെള്ളം ചൂടാക്കിക്കൊണ്ടിരുന്നവര്‍ അരിയിടാതെ വാര്‍പ്പുമെടുത്തു വള്ളത്തില്‍വച്ചു രൂപവുമായി എടത്വയ്ക്കു തുഴഞ്ഞു. ആദ്ഭുതസ്തബ്ധരായ ഇടപ്പള്ളിക്കാര്‍ പള്ളിയില്‍നിന്ന് ഓടി വള്ളക്കടവിലെത്തിയപ്പോഴേക്കും എടത്വക്കാര്‍ രൂപവുമായി കടന്നിരുന്നു എന്നും തലമുറകള്‍ കൈമാറിപ്പോരുന്ന ഒരു കഥയുണ്ട്. ഇടപ്പള്ളിക്കാര്‍ രൂപം തിരിച്ചെടുക്കാന്‍ വരുമെന്നു ഭയന്നു വിശുദ്ധന്റെ രൂപം ഓലഷെഡ്ഡുമാത്രമായിരുന്ന പള്ളിയില്‍ ഇറക്കാതെ നേരേ പാണ്ടങ്കരിയിലുള്ള ഊരാംവേലിക്കാരുടെ നെല്ലറയിലാണു സൂക്ഷിച്ചത്. ഈ നെല്ലറ ആമത്താഴിട്ടാണ് പൂട്ടിയിരുന്നതത്രെ. ഊരാംവേലില്‍ കുര്യന്‍ തരകന്‍ എന്നയാളാണ് ഈ പള്ളിയില്‍നിന്നു രൂപംകൊണ്ടുവരുന്നതിനു നേതൃത്വം കൊടുത്തത്. ഈ സംഭവത്തോട് ബന്ധപ്പെടുത്തിയാവാം ''അനന്ന വെള്ളത്തില്‍ അരി ഇടാത്ത ഊരാംവേലി'' എന്ന ചൊല്ലുണ്ടായത്. 1920-ല്‍ ആറ്റുതീരത്തു ചെറിയപള്ളി പണിയുന്നതുവരെ ഞായറാഴ്ചകളിലും വിശുദ്ധന്റെ തിരുനാള്‍ദിവസങ്ങളിലും മാത്രമേ തിരുസ്വരൂപം പള്ളിയില്‍ കൊണ്ടുവന്നിരുന്നുള്ളൂ. സ്വര്‍ണക്കുരിശ് 337 രൂപ തൂക്കത്തില്‍ നിര്‍മിച്ച സ്വര്‍ണക്കുരിശ് ശില്‍പവിദ്യയുടെ മികച്ച ഉദാഹരണമാണ്. പുരാവസ്തുഗണത്തില്‍പ്പെടുന്ന ഈ കുരിശ് നാലുപൂട്ട് എന്നറിയപ്പെടുന്ന പ്രത്യേക മുറിയില്‍ വന്‍ സുരക്ഷയോടെയാണ് സ്ഥാപിച്ചിരിക്കുന്നത്. വളരെ പഴയ രണ്ടു വെള്ളിക്കുരിശുകളും പള്ളിയിലുണ്ട്. ഇപ്പോള്‍ പള്ളിയിലെ പ്രധാന ചടങ്ങുകള്‍ക്കുമാത്രമെ ഇവ പുറത്തിറക്കാറുള്ളു. മതഭേദം ഇല്ലാതെ ഭക്തര്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ പെരുനാളിന് എത്തുന്നവര്‍ക്ക് ജാതി-മത-വര്‍ഗഭേദമില്ല. പള്ളിമുറ്റത്തെ ചുട്ടുപഴുത്ത ചരലില്‍ മുട്ടിന്മേല്‍ നീന്തി പരിഹാര പ്രദക്ഷിണം നടത്തുന്ന ഭക്തരുമുണ്ട്. കൈയിലൊന്നുമില്ലാതെ തീര്‍ഥാടകരാരും വിശുദ്ധനെ ദര്‍ശിക്കാറില്ല. വിശുദ്ധന്റെ അടിമയായി തീര്‍ന്നാല്‍ ആധി-വ്യാധികളില്‍നിന്നും അത്യാഹിതങ്ങളില്‍നിന്നും മോചനം നേടാമെന്നും എവിടെയായിരുന്നാലും വിശുദ്ധന്‍ തങ്ങളെ കാത്തുരക്ഷിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.