അത്ഭുത രോഗശാന്തികള്‍
(Miraculous Healing
)

വിശുദ്ധ അല്‍ഫോന്‍സാമ്മ വഴിയായി ലഭിച്ച അത്ഭുത സാക്ഷ്യമായി തിരുസഭ അംഗീകരിച്ച രണ്ടുസംഭവങ്ങള്‍

   
 

 


ജിനില്‍ ഷാജി ഒഴുതൊട്ടിയില്‍

ജിനില്‍ ഷാജി ഒഴുതൊട്ടിയില്‍

1998-മെയ് അഞ്ചിന് ഏറ്റുമാനൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ജിനില്‍ ജനിച്ചു. കോട്ടയത്ത് സെയില്‍സ്ടാക്‌സ് ഇന്‍സ്‌പെക്ടറായ ഷാജി ജോസഫിന്റെയും കാപ്പുന്തല സര്‍വ്വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥയായ ലിസിയുടെയും രണ്ടാമത്തെ മകന്‍. ജനിക്കുമ്പോള്‍ കുട്ടിയുടെ രണ്ടു കാലുകളും ഉള്ളിലേക്ക് വളഞ്ഞിരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഇ.എസ്.ഐ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആറു ദിവസം കൂടുമ്പോള്‍ പ്ലാസ്റ്റര്‍ മാറ്റണമായിരുന്നു. രണ്ടാമത്തെ പ്രാവശ്യം കാല്‍ പഴുത്ത് വ്രണമായതിനാല്‍ പ്ലാസ്റ്റര്‍ തുടര്‍ന്ന് ഇട്ടില്ല. ആറാം മാസത്തില്‍ ശസ്ത്രക്രിയ ചെയ്യണമെന്നുള്ള അസ്ഥിരോഗം മേധാവി ഡോ. പി.എസ്. ജോണിന്റെ അഭിപ്രായത്തോട് ഷാജി യോജിച്ചില്ല. ശസ്ത്രക്രിയകള്‍ വൈകല്യം ഉണ്ടാക്കിയതായ പലരുടെയും അനുഭവങ്ങള്‍ കുട്ടിയുടെ കാല്‍ ഇങ്ങനെയിരുന്നാല്‍പ്പോലും ശസ്ത്രക്രിയ ചെയ്യിക്കില്ല എന്ന തീരുമാനത്തില്‍ ഷാജിയെ എത്തിച്ചു. നിലത്ത് ഇഴഞ്ഞു നടക്കുന്ന കുഞ്ഞ് ഷാജിയേയും ഭാര്യയേയും വേദനിപ്പിച്ചു.

ഒന്നര വയസ്സുള്ളപ്പോള്‍ മുട്ടിന് താഴേയ്ക്ക് കാല്‍ ജീവനില്ലാത്തതുപോലെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. കാപ്പുന്തല ഫാത്തിമാപുരം പള്ളി വികാരി റവ. ഫാ. ജോസ് വള്ളോംപുരയിടമാണ് കാലിന്റെ വൈകല്യങ്ങള്‍ ഭേദമാകുന്നതില്‍ അല്‍ഫോന്‍സാമ്മയ്ക്കുള്ള മാധ്യസ്ഥ്യശക്തിയെപ്പറ്റി ഷാജിയോട് പറയുന്നത്. 1999 നവംബര്‍ 13-ന് ഷാജിയും കുടുംബവും അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു. രണ്ടര മണിക്കൂറോളം അവിടെയിരുന്ന് തീവ്രമായി കരഞ്ഞു പ്രാര്‍ത്ഥിച്ചു. അന്നു വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥന നടത്തുമ്പോള്‍ ജിനില്‍ പെട്ടെന്ന് ഷാജിയുടെയും ലിസിയുടെയും തോളില്‍ പിടിച്ച് എഴുന്നേറ്റു നിന്നു. അമ്പരന്നുപോയ അവര്‍ കുട്ടിയുടെ കൈപിടിച്ച് ഏതാനും ചുവടുകള്‍ നടത്തിച്ചു. അത്രയും നാള്‍ തളര്‍ന്നു കിടന്ന കാല്‍ ബലമായി ചവിട്ടി, കുട്ടിയ്ക്ക് നടക്കാനും സാധാരണ നില കൈവരിക്കാനും കഴിഞ്ഞു. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് ജിനിലിന്റെ അത്ഭുത രോഗശാന്തി സാക്ഷ്യമായിത്തീര്‍ന്നു.




അത്യാലില്‍ തോമസ് എബ്രഹാം (കുഞ്ഞേട്ടന്‍)

അത്യാലില്‍ തോമസ് എബ്രഹാം
(കുഞ്ഞേട്ടന്‍)

അത്യാലില്‍ കുഞ്ഞേട്ടന്‍ എന്നറിയപ്പെടുന്ന തോമസ് എബ്രഹാം പൊന്‍കുന്നം കാട്ടൂര്‍ കുടുംബത്തിലാണ് ജനിച്ചത്. ജനിക്കുമ്പോള്‍ രണ്ടു പാദങ്ങളും വളഞ്ഞ് നടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. മാതാപിതാക്കള്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി ആശുപത്രികളില്‍ പോയെങ്കിലും നിരാശപ്പെടേണ്ടിവന്നു. ബന്ധുക്കള്‍ ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലേക്ക് പോകുന്നതായി അറിഞ്ഞപ്പോള്‍ തോമസിന്റെ പിതൃസഹോദരി ഏലിക്കുട്ടി 11 വയസ്സുള്ള ബാലനേയും കൊണ്ടുപോകാന്‍ ഉപദേശിച്ചു. അവര്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തി തീവ്രമായി പ്രാര്‍ത്ഥിച്ചു. രണ്ടാം ദിവസം കുട്ടിയുടെ കാല്‍ സുഖപ്പെട്ടത് ആദ്യമായി കണ്ടത് പിതൃസഹോദരിയായ ഏലിക്കുട്ടിയാണ്. വീട്ടുകാര്‍ പൊന്‍കുന്നം പള്ളിവികാരി റവ. ഫാ. ജോര്‍ജ് മുളങ്ങാട്ടിലിന്റെ (Sr.) നേതൃത്വത്തില്‍ കൃതജ്ഞാതാ പ്രാര്‍ത്ഥന നടത്തി. കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ഡോക്ടര്‍ ഈപ്പച്ചന്‍ കടമപ്പുഴ കാല്‍ സുഖപ്പെട്ടതായി സ്ഥിരീകരിച്ചു. ധന്യയായ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാന്‍ വേണ്ട അത്ഭുതമായി ഇത് തെരഞ്ഞെടുക്കപ്പെട്ടു. 2010-ല്‍ 72 തികയുന്ന, രോഗശമനത്തിനുശേഷം മുടങ്ങാതെ അല്‍ഫോന്‍സാമ്മയുടെ നൊവേന ചൊല്ലാറുള്ള ഈ ഭക്തന്‍ മറ്റുള്ളവരേയും ആ സന്നിധിയിലേക്ക് കൊണ്ടുപോകുവാന്‍ പ്രേരണ നല്‍കിക്കൊണ്ട് തന്റെ ജന്മം സഫലമാക്കുന്നു.

 

Contact .Prayers. Gallery . Saints . Novana .Home  

Copyright 2010 Upakarasmarana.com. All rights reserved.

published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam

important churches in kerala good advice