സെന്റ് അഗസ്റ്റ്യന്‍സ് ചര്‍ച്ച്
രാമപുരം
പ്രധാന തിരുനാള്‍ പ്രധാനതിരുനാളായി ആഘോഷിച്ചിരുന്നത് ജനുവരി ആറിലെ ദനഹതിരുനാളായിരുന്നു രാമപുരത്ത്. പാലാ വലിയ പള്ളിയിലെ പ്രധാന തിരുനാളും ഇതേ ദിവസം തന്നെയായിരുന്നതിനാല്‍ 1825 നു ശേഷം ദനഹാത്തിരുനാളിനു പകരം ജനുവരി ഒന്നിന് ഉണ്ണീശോയുടെ ഛേദനാചാരത്തിരുനാള്‍ ആണ് പ്രധാന തിരുനാള്‍ ആയി ആഘോഷിക്കുന്നത്.
സെന്റ് അഗസ്റ്റിന്‍സ് പള്ളി, രാമപുരം രാമപുരം പള്ളി സ്ഥാപനം ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളായ വിശുദ്ധ തോമാശ്ലീഹാ എ.ഡി. 52 ല്‍ ഇന്ത്യയില്‍ വന്ന് കൊടുങ്ങല്ലൂര്‍, കൊല്ലം, പാലയൂര്‍, കോട്ടയ്ക്കാവ്, കോക്കമംഗലം, നിരണം, ചായല്‍ എന്നിവിടങ്ങളിലായി ഏഴു പള്ളികള്‍ നിര്‍മ്മിച്ചു. ഈ പള്ളികളോടനുബന്ധിച്ചായിരുന്നു കേരളത്തില്‍ ക്രൈസ്തവ സഭ നിലനിന്നിരുന്നത്. കാലാന്തരത്തില്‍ ഇവിടെ നിന്നുള്ള ക്രൈസ്തവ കുടുംബങ്ങള്‍ പലദിക്കുകളിലേക്കും കുടിയേറി. അങ്ങനെ കുറവിലങ്ങാട്ടും അരുവിത്തുറയിലും ക്രൈസ്തവ സമൂഹങ്ങള്‍ രൂപം കൊണ്ടു. അങ്ങനെ രാമപുരത്തും ഒരു ക്രൈസ്തവ സമൂഹം രൂപം കൊണ്ടുവെന്ന് കരുതുന്നു. അക്കാലത്ത് വടക്കുംകൂര്‍ രാജവംശത്തില്‍പ്പെട്ട ഇടത്തില്‍ തമ്പുരാക്കള്‍ രാമപുരത്തിനടുത്ത് വെള്ളിലാപ്പള്ളി കേന്ദ്രമായാണ് ഭരിച്ചിരുന്നത്.
ഇവര്‍ ക്രിസ്ത്യാനികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. ക്രമേണ ക്രിസ്ത്യാനികളുടെ സംഖ്യയും സാമ്പത്തിക ശേഷിയും വര്‍ദ്ധിച്ചു. കുറവിലങ്ങാട്ട് പള്ളിയായിരുന്നു അടുത്തായി ഉണ്ടായിരുന്നത്. അവിടെയെത്തിയാണ് രാമപുരത്തെ ക്രിസ്ത്യാനികള്‍ അധ്യാത്മിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. കാലാന്തരത്തില്‍ രാമപുരത്തും ഒരു ദേവാലയം പണിയണമെന്ന ആശയം നിലവില്‍ വന്നു. ക്രൈസ്തവരായ സ്ഥലവാസികള്‍ ഭരണാധികാരിയായ ഇടത്തില്‍ തമ്പുരാന്റെ അനുവാദത്തോടെ, സഭാധികാരികളുടെ അംഗീകാരത്തോടെ പള്ളി പണിയാന്‍ ശ്രമം തുടങ്ങി. ഇടത്തില്‍ തമ്പുരാന്‍ പള്ളി പണിയാന്‍ അനുവാദം നല്‍കി. ഒരു ഹൈന്ദവ ഇടപ്രഭുവായ ഇടനാട് (കാരോക്കല്‍) കൈമളുടെ വകയായിരുന്നു പള്ളി പണിയാന്‍ കണ്ടെത്തിയ സ്ഥലം. അദ്ദേഹം സ്ഥലം കരമൊഴിയായി പള്ളി പണിയാന്‍ നല്‍കി. വിളക്കു വയ്ക്കാന്‍ പുറത്തോട്ടു വാതുക്കല്‍ കുളങ്ങരപ്പാടത്തെ പത്തുപറ നിലവും അദ്ദേഹം പള്ളിക്ക് ദാനമായി നല്‍കി. അക്കാലത്ത് പാലാ പള്ളി വികാരിയും രാമപുരം സ്വദേശിയുമായിരുന്ന ചോലപ്പള്ളില്‍ ഔസേപ്പ് കത്തനാരുടെ പരിശ്രമവും പള്ളി പണിയുന്ന കാര്യത്തിലുണ്ടായി. അങ്ങനെ മാതൃപള്ളിയായ കുറവിലങ്ങാട്ട് പള്ളി പോലെ പരിശുദ്ധ കന്യകാമറിയത്തിന് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ആദ്യത്തെ രാമപുരം പള്ളി എ.ഡി. 1450 നോടടുത്ത് പൂര്‍ത്തിയാക്കി. ചോലപ്പള്ളില്‍ കത്തനാര്‍ തന്നെ പള്ളിയുടെ കാര്യങ്ങള്‍ നടത്തുന്നതിന് നിയുക്തനാകുകയും ചെയ്തു. ക്രൈസ്തവരുടെ എണ്ണം വര്‍ധിച്ചതോടെ രണ്ടു പ്രാവശ്യം പള്ളി പൊളിച്ച് വിപുലമാക്കി. വിശുദ്ധ ആഗസ്തീനോസിന്റെ നാമധേയത്തിലുള്ള ഇപ്പോഴത്തെ പള്ളി പോര്‍ച്ചുഗീസ് ശില്പമാതൃകയാണ് പിന്തുടര്‍ന്നിരിക്കുന്നത്. ഗോവ മെത്രാപൊലിത്തയായിരുന്ന അലക്‌സിന് ഡോം മെനെസിസ് അടിസ്ഥാന ശില ആശീര്‍വദിച്ചു. ഈ പള്ളി നിര്‍മിക്കുന്നതു വരെ വിശുദ്ധ അഗസ്തീനോസിന്റെ പ്രശസ്തി ഈ പ്രദേശത്തില്ലായിരുന്നു.
പഴയ പള്ളിയുടെ സങ്കീര്‍ത്തിയില്‍ നിന്ന് ഗോവണിയിലൂടെ മുകളിലേക്കു കയറുമ്പോള്‍ യോഗശാലയിലെത്തും. അവിടെ നിന്ന് വീണ്ടും കയറിയാല്‍ മദ്ബഹായുടെ നേരെ മുകളിലായി മൂന്നു മുറികള്‍. വൈദികരുടെ താമസ സ്ഥലങ്ങളായിരുന്നു ഇവ. വിശുദ്ധ അഗസ്തീനോസിന്റെ നാമധേയത്തില്‍ പള്ളി പണിതെങ്കിലും പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ആദ്യ പള്ളിയുടെ അള്‍ത്താര, പഴയ പള്ളി സങ്കീര്‍ത്തിയില്‍ ഇപ്പോഴുമുണ്ട്. ഈ അള്‍ത്താരയിലെ ചിത്രങ്ങളെല്ലാം ഭാരതീയ രീതിയിലുള്ളതാണ്.
ഇപ്പോഴത്തെ പള്ളിയുടെ മുഖവശവും കുരിശുംതൊട്ടിയിലുള്ള കോട്ടക്കുരിശും കോട്ടരിക്കല്‍ മത്തായി കത്തനാരുടെ കാലത്ത് നിര്‍മിച്ചവയാണ്. 1825 വരെ ഇടവക്കാരായ വൈദികര്‍ തന്നെയാണ് പള്ളി ഭരണം നടത്തിയിരുന്നത്. പിന്നീട് വികാരിമാര്‍ നിയോഗിക്കപ്പെട്ടു. ആദ്യ വികാരി പുതിയകാവില്‍ ഫ്രഞ്ചു അച്ചനും ഇടവകക്കാരായി ചെറുപുറത്ത് മാത്തുണ്ണിയച്ചനും പാലക്കുഴ അഗസ്തീനോസ് അച്ചനും ഉണ്ടായിരുന്നു. 1929 ല്‍ രാമപുരം പള്ളി ഫൊറോനാ പള്ളിയായി ഉയര്‍ത്തപ്പെട്ടു.
വിശുദ്ധ അഗസ്തീനോസിന്റെ രൂപം. പഴയ പള്ളിയുടെ മദ്ബഹയ്ക്കു തൊട്ടു താഴെ ഇടതു വശത്ത് അള്‍ത്താരയിലാണ് മധ്യസ്ഥനായ വിശുദ്ധ അഗസ്തീനോസിന്റെ രൂപം. ഈ രൂപം രാമപുരത്ത് എത്തിയതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. പോര്‍ച്ചുഗലില്‍ നിന്ന് ഗോവവഴി കൊണ്ടുവന്നതാണെന്ന് ഒരു വാദം. അല്ല, രൂപം ആഫ്രിക്കയില്‍ നിര്‍മ്മിച്ചതെന്ന് മറ്റൊരു വാദവുമുണ്ട്. ഇടക്കൊച്ചിയില്‍ ഏതോ പള്ളിയില്‍ സ്ഥാപിക്കുന്നതിനായി കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ച രൂപം കാറ്റ് പ്രതികൂലമായതിനാല്‍ പടിഞ്ഞാറെ തീരത്ത് ഇറക്കാന്‍ കഴിഞ്ഞില്ല. അതു കൊണ്ട് കിഴക്കേ കരയില്‍ ഇറക്കി വച്ചു. പിന്നീട് രൂപം പടിഞ്ഞാറെ കരയിലേക്ക് കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടു. പിന്നീട് പല പള്ളികളിലും രൂപം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം രൂപം രാമപുരത്തു കൊണ്ടു വന്ന് ഒരു ബുദ്ധിമുട്ടും കൂടാതെ പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യം. പുത്തന്‍ പള്ളി കുടുംബങ്ങള്‍ വര്‍ധിച്ചതോടെ പഴയ പള്ളിയില്‍ സ്ഥലം മതിയാകാതെ വന്നപ്പോള്‍ പുതിയ പള്ളി പണിയാന്‍ തീരുമാനിച്ചു.
കര്‍മലമാതാവിന്റെ തിരുനാള്‍ ദിനമായ ജൂലൈ 16 ന് 1865 ല്‍ പരിശുദ്ധ കര്‍മലമാതാവിന്റെ നാമധേയത്തില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന പുത്തന്‍ പള്ളിക്ക് തറക്കല്ലിട്ടു. വലിയവീട്ടില്‍ അച്ചനായിരുന്നു വികാരി. കുരിശുപള്ളി, കല്‍ക്കുരിശ് ഏഴു നിലകളിലായി പണിത കുരിശുപള്ളിയുടെ ശിലാസ്ഥാപനം 1956 ഒക്‌ടോബര്‍ എട്ടിന് മാര്‍ സെബാസ്റ്റിയന്‍ വയലില്‍ മെത്രാന് നിര്‍വഹിച്ചു. 1957 ഡിസംബര്‍ 31 ന് പണി പൂര്‍ത്തിയായി.
തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍
വാഴ്ത്തപ്പെട്ടവന്‍ എന്ന പദവിയിലേക്കുയര്‍ത്തപ്പെട്ട ദൈവദാസന്‍ തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ഈ ഇടവകക്കാരനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആത്മീയാചാര്യര്‍ എന്ന ഭാഗം കാണുക. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ (ഫാ. അഗസ്റ്റിന് തേവര്‍പറമ്പില്‍ ജനനം: ഏപ്രില്‍ 01, 1891 പൗരോഹിത്യ സ്വീകരണം: ഡിസംബര്‍ 17, 1921 മരണം: ഒക്‌ടോബര്‍ 16, 1973 ദൈവദാസന്‍: ആഗസ്റ്റ് 11, 1987 ധന്യന്‍: ജൂണ്‍ 22, 2004 വാഴ്ത്തപ്പെട്ടവന്‍ ഏപ്രില്‍ 30, 2006